WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?

‘മുടി’വെട്ടിമൂടുക വേദനകൾ

പ്രീയ സുഹൃത്തുക്കളേ,

കഴിഞ്ഞ കുറച്ചു നാളുകളായി സാമൂഹിക മാധ്യമങ്ങളിൽ ക്യാൻസർ രോഗികൾക്ക് മുടി നൽകുന്നതുമായി ബന്ധപ്പെട്ടു ചില തെറ്റായ പ്രചരണങ്ങളും വാർത്തകളും കാണുകയുണ്ടായി. ഈ സാഹചര്യം ആണ് എന്നെ ഇത്തരത്തിൽ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.

സി. എം. ഐ. വൈദികരുടെ നേതൃത്വത്തിൽ ചങ്ങനാശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർഗക്ഷേത്ര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സെന്റർ ഏകദേശം അഞ്ചുവർഷമായി ആയിരത്തോളം രോഗികൾക്കാണ് വിഗ്ഗുകൾ സൗജന്യമായി നൽകുന്നത്. അവരുമായുള്ള ദീർഘകാല ഇടപെടലിന്റെ വെളിച്ചത്തിൽ ഞങ്ങളുടെ അനുഭവം ഇവയൊക്കെയാണ്

നേരിട്ടും അല്ലാതെയുമായി നിരവധി രോഗികളും അവരുടെ ബന്ധുക്കളും വിഗ്ഗിനായി സർഗക്ഷേത്രയെ സമീപിക്കുന്നു. ആവശ്യക്കാർക്ക് അനുയോജ്യമായരീതിയിൽ നിയതമായ അളവുകളിലാണ് വിഗ്ഗ് നിർമിച്ചുനൽകുന്നത്. 15000 രൂപാ മുതൽ 20000 രൂപയോളം ഒരു വിഗ്ഗ് വാങ്ങുന്നതിന് ആവശ്യമാണ്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ഈ ചെലവ് ദുർവഹമാണ്. പ്രസ്തുത സാഹചര്യത്തിൽ പൂർണമായും സൗജന്യമായാണ് സർഗക്ഷേത്ര വിഗ്ഗുകൾ നൽകുന്നത്. ഈ വിഗ്ഗുകൾ സാധാരണ മുടിപോലെതന്നെയാണ്. തോളുവരെ നീളമുള്ള വിഗ്ഗുകളാണ് നൽകുക. ഒരു വിഗ്ഗിന് ഏകദേശം 4000 രൂപ വരെ ഞങ്ങൾക്ക് നിർമ്മാണച്ചിലവുണ്ട്. ഉദാരമതികളായ അനേകം സന്മനസുകളുടേയും അറുപതോളംവരുന്ന സർഗക്ഷേത്ര വിമൻസ് ഫോറം അംഗങ്ങളുടെയും സഹകരണമാണ് ഇതിനെ മുന്നോട്ട് നയിക്കുന്നത്. 39 cm/15 inch നീളമുണ്ടെങ്കിൽ മാത്രമേ മുടി സ്വീകരിക്കുകയുള്ളൂ. ഇത്തരത്തിൽ ദാനമായി നല്കപ്പെട്ടിട്ടുള്ള മൂന്നു ആളുകളുടെ മുടി ഉപയോഗിച്ചാണ് ഒരു വിഗ്ഗ് ഞങ്ങൾ നിർമ്മിക്കുന്നത്. ഒരാൾ മുടി ദാനം ചെയ്താൽ ദാതാവിന് ഒരു confirmation മെസ്സേജ് അയക്കുകയും കൂടെ ഒരു appreciation സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു. അതോടൊപ്പം അവരെപ്പറ്റിയുള്ള വിവരങ്ങൾ ഓഫീസ് രെജിസ്റ്ററിൽ സൂക്ഷിക്കുകയും മുടി ദാനംചെയ്തവരുടെ അനുവാദത്തോടുകൂടി സാമൂഹ്യ മാധ്യമങ്ങളിൽ അവരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു.

CAP@Campus എന്ന പരിപാടിയിലൂടെ ഏകദേശം രണ്ടുവർഷത്തോളമായി ആയിരത്തോളം സ്കൂളുകളിൽ ക്യാൻസർ ബോധവൽക്കരണവും ‘ഹെയർ ആൻഡ് വിഗ്ഗ് ഡോണേഷൻ ക്യാമ്പയിനും’ നടത്തിവരുന്നു. ഈ പരിപാടികളിലൂടെ മുടി ദാനം ചെയ്യുന്നതിന്റെ ആവശ്യകതയും അവബോധവും വിഗ്ഗുകൾ അർഹരായവർക്ക്‌ നൽകുന്നതിന്റെ പുണ്യവും അനേകരിൽ എത്തിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.

വിഗ്ഗ് ധരിച്ചവരാണെന്ന് മറ്റുള്ളവർ തിരിച്ചറിഞ്ഞാൽ അവരിൽനിന്ന് ഉണ്ടാകുന്ന സഹതാപനോട്ടങ്ങളും പെരുമാറ്റവും സ്വീകർത്താക്കൾക്ക് മാനസികബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതിനാൽ സർഗക്ഷേത്രയിൽ നിന്നും വിഗ്ഗ് സ്വീകരിച്ചു പോകുന്ന രോഗികളുടെ വിവരങ്ങളോ ചിത്രങ്ങളോ പ്രസിദ്ധപ്പെടുത്താറില്ല.

ബാഹ്യസൗന്ദര്യത്തിന്റെ ഭാഗം എന്നതിലപ്പുറം, ആത്മാവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഒരു വലിയ ഘടകമാണ് മുടി എന്ന തിരിച്ചറിവുണ്ടാകുന്നത്, കീമോതെറാപ്പി കഴിയുമ്പോഴുമുണ്ടാകുന്ന മുടി കൊഴിച്ചിലും അതിലൂടെ അവർക്കുണ്ടാകുന്ന മാനസികമായ ഉൾവലിയലും മനസ്സിലാക്കുമ്പോഴാണ്. വിഷമിച്ച മുഖവും, തളർന്ന കണ്ണുകളുമായി വരുന്ന ഇവർ ഞങ്ങൾ നിർമ്മിച്ചുനൽകുന്ന വിഗ്ഗുധരിച്ചു കണ്ണാടിയിലേക്ക് നോക്കുമ്പോൾ മുഖത്തു വിരിയുന്ന ചിരി ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണ്. കഴിഞ്ഞ ഒരുപാട് വർഷങ്ങ ളായി അത്തരം ചിരികൾക്കും, സന്തോഷത്തോടെ ഉള്ള തേങ്ങലുകൾക്കും നിറകണ്ണുകളോടെ ഞങ്ങൾ സാക്ഷികളായിട്ടുണ്ട്.

നിരാശയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ നാമ്പു വിരിയുന്ന സന്തോഷത്തോടെ “അടുത്ത ആഴ്ച അനിയത്തീടെ പെരവാസ്ത്വലിക്ക് എനിക്കൊന്നു പോണം” എന്നു പറഞ്ഞ അമ്മച്ചിയെ ഞാൻ ഇന്നും ഓർക്കുന്നു. ഇങ്ങനെയുള്ള ചെറിയ വാക്കുകളും, സംതൃപ്തിയുടെ ചിരിയുമൊക്കെയാണ് ആത്മവിശ്വാസത്തോടെ ഇത്തരം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുവാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നത്.

തികഞ്ഞ ബോധ്യത്തോടും സാമൂഹിക പ്രതിബദ്ധതയോടും കൂടി സർഗക്ഷേത്ര നടത്തുന്ന ഹെയർ ആൻഡ് വിഗ്ഗ് ഡോണേഷൻ എന്ന പദ്ധതി കൂടുതൽ കരുത്താർജ്ജിക്കാൻ, വസ്തുതകളുടെ യാഥാർഥ്യം മനസിലാക്കി സുമനസ്സുകളായ ഏവരും ഞങ്ങളോടൊപ്പം നിൽക്കണം എന്ന് അപേക്ഷിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും കുപ്രചരണങ്ങളും ദൈവാനുഗ്രഹംമാത്രം മൂലധനമായുള്ള ഈ നന്മയെ നശിപ്പിക്കാൻ ഇടവരുത്താതിരിക്കട്ടെ.

ഫാ. അലക്സ് പ്രായിക്കളം സി. എം. ഐ.
ഡയറക്ടർ
സർഗക്ഷേത്ര, ചങ്ങനാശേരി
📞9496464118

Leave a Reply